Thursday, April 15, 2010

"ശ്രീലക്ഷ്മിയുടെ ചേട്ടന്‍" -A Story Sponsored by DO..DDDOOO...CO..CCCOO...MO...MMMO - "Docomo"

          ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനമാണല്ലോ ഇന്ത്യന്‍ റെയില്‍വേ. അതുകൊണ്ട് തന്നെ ട്രെയിനില്‍ വച്ചു നടന്ന മറ്റൊരു സംഭവം കൂടി പോസ്റ്റ്‌ ചെയ്തേക്കാം എന്ന് തോന്നി. ഇത്തവണ വളരെ രസകരവും എന്നാല്‍ സംഭവിച്ചതും ആയ ഒരു കഥയാണേ പറയുന്നത്. കഥയിലെ നായകന്‍, ഒരു അഞ്ചടി എട്ടിഞ്ച് പൊക്കവും എഴുപത്തിരണ്ടു കിലോ ഭാരവുമുള്ള ഒരു സാധാരണക്കാരന്‍, അതെന്തെങ്കിലും ആവട്ടെ, നമ്മുടെ കഥ മുക്കാല്‍ ഭാഗവും  നടക്കുന്നത് കോഴിക്കോട് മുതല്‍ എറണാകുളം വരെയുള്ള ഒരു ട്രെയിന്‍ യാത്രയിലാണ്.പിന്നെ ബാക്കിയുള്ള 25%  എറണാകുളത്തെവിടെയോ ഉള്ള ഒരു റോഡില്‍ വച്ചും. ആദ്യമേ പറഞ്ഞേക്കാം മറ്റൊരു നമ്പര്‍ ട്വന്റി മദ്രാസ് മെയിലോ, നദിയ കൊല്ലപ്പെട്ട രാത്രിയോ പ്രതീക്ഷിചിരിക്കുന്നവര്‍ തല്‍കാലം നിരാശപ്പെടേണ്ടി വരും,ഇനിയിപ്പോ "ഓ.. വല്ല ജ്യൂസും കൊടുത്തു മയക്കിയേച്ചു വല്ലവന്മാരും ബാഗും കൊണ്ട് പോയതായിരിക്കും" എന്ന് തോന്നിയവരേ  നിങ്ങള് വിചാരിച്ചതും ശെരിയല്ല ,  കേള്‍ക്കുന്ന ചിലര്‍ക്കൊക്കെ രോമാഞ്ചവും മറ്റു ചിലര്‍ക്കൊക്കെ അദ്ഭുതവും വേറെ ചിലര്‍ക്ക് അസൂയയും തോന്നുന്ന ഒരു സസ്പെന്‍സ് ത്രില്ലര്‍ കഥ. ഒരു രണ്ടു മൊബൈല്‍ ഫോണുകളും മൂന്നും ഒന്നും നാല് മനുഷ്യരുമാണ് ഈ കഥയിലെ അഭിനേതാക്കള്‍. ഈ കഥ സാധാരണ രീതിയില്‍ പറഞ്ഞു പോയാല്‍ ഒരു അന്തോം കുന്തോം ഇല്ലാത്ത രീതിയില്‍ തുടരാന്‍ സാധ്യത ഉള്ളതുകൊണ്ട് കുറച്ചു സീനുകളിലായി  നമ്മള്‍ കഥ ചുരുക്കാന്‍ ശ്രമിക്കുകയാണ്. എഴുതുമ്പോ തോന്നുന്ന കുറച്ചു കാര്യങ്ങളും കൂടി ചേര്‍ക്കുന്നതു  കൊണ്ട്  കഥയുടെ യഥാര്‍ത്ഥ  സൌന്ദര്യം നഷ്ടപ്പെട്ട് "ഒരു മേക്ക്- അപ്പില്‍ കുളിച്ചു നില്‍ക്കുന്ന  കല്യാണപ്പെണ്ണു പോലെ" ആകുമോ എന്നും സംശയം ഉണ്ടേ....വായനക്കാര്‍ സദയം ക്ഷമിക്കുക.
സീന്‍ 1 :
സ്ഥലം: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, സമയം: ഞായറിനും ശനിക്കും  ഇടയിലുള്ള ഏതോ ഒരു പകല്‍ ഉച്ചതിരിഞ്ഞ് ഒരു ഒന്ന് രണ്ടു മണിയായിക്കാണും. കയ്യിലൊരു മിനറല്‍ വാട്ടറും പിടിച്ച് നമ്മുടെ നായകന്‍ ജനശതാബ്ദി എക്സ്പ്രെസ്സില്‍   കയറുന്നു, അത്യാവശ്യം വലിപ്പമുള്ള ഒരു ബാഗും കയ്യിലുണ്ട്. ചെയര്‍ കാറില്‍ തന്റെ സീറ്റ്‌ കണ്ടു പിടിച്ച് ഒരു രണ്ടു മൂന്നു പ്രാവശ്യം ഉറപ്പും വരുത്തി, അതിന്റെ സന്തോഷത്തില്‍ ഒരു സിപ്പ് വെള്ളവും കുടിച് നായകന്‍ സീറ്റില്‍ ഇരുന്നു കൊണ്ട് തന്നെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചോട്ടെ. [വെറുതെ നമ്മളും ചെയ്യുന്ന കാര്യങ്ങള്‍ ഊഹിച്ചു പറഞ്ഞതാണേ]. അധികം പേരൊന്നും കയറിയിട്ടില്ല ആകെ ഒരു പത്തിരുപതു പേരുണ്ടാവും. തൊട്ടപ്പുറത്തെ സീറ്റില്‍ ഒരു മൂന്നംഗ കുടുംബം ഇരിക്കുന്നുണ്ട്‌- ഒരുമധ്യവയ്സ്കയും, ഒരാണ്കുട്ടിയും, ഒരു പെണ്‍കുട്ടിയും- അമ്മയും മക്കളുമാനെന്നു തോന്നുന്നു. പെണ്‍കുട്ടിയാണ് മുതിര്‍ന്നത്, ഒരു പത്തിരുപത്തിരണ്ടു  വയസ്സുണ്ടായിപ്പോകുന്നതില്‍ കുഴപ്പമൊന്നും ഇല്ലാന്ന് തോന്നുന്നു....അല്ലെങ്കില്‍ നിങ്ങളൊക്കെ തന്നെ  ഒരു വയസ്സ് അങ്ങട്  തീരുമാനിച്ചോ ഗൈമുകളിലോക്കെ കസ്റ്റമൈസ് ഓപ്ഷന്‍ ഉണ്ടല്ലോ അതുപോലെ ഒരു സൗകര്യം ഇവിടേം തന്നേക്കാം. ആണ്കുട്ടിക്കെന്തായാലും ഒരു പത്തു  വയസ്സില്‍ കൂടുതലില്ല. പയ്യന്റെ കയ്യില്‍ ഒരു ബാലരമ  ഉണ്ട്. അവന്‍ ആകാംക്ഷയോടെ അത് മറിച്ചു നോക്കുന്നു.

സീന്‍ 2 :
വണ്ടി നീങ്ങിക്കൊണ്ടിരിക്കുകയാണ്, ഇടയ്ക്കിടയ്ക്ക് കടന്നു പോകുന്ന ചായ ചായ വിളികളും മറ്റു ചെറിയ കച്ചവടക്കാരുമൊക്കെ ഒഴിച്ചാല്‍ എല്ലാം ശാന്തം. ചുമ്മാ സമയം കളയാനായി നായകന്‍ ഇന്ത്യാ ടുഡേ പോലെയുള്ള എന്തോ മാഗസിന്‍ വായിക്കുകയാണ്. ഇതിനിടയ്ക്കെപോഴോ കറുത്ത കോട്ട് ധരിച്ച് ടീ.ടീ .ആര്‍ വന്നു. മിക്കവരും ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തിരിക്കുകയാണ് അതുകൊണ്ട് തന്നെ അയാള്‍ ഐഡീ പ്രൂഫ്‌ ചോദിക്കുന്നുണ്ട്. നായകന്‍ പാസ്സ്പോര്‍ട്ടും, ലൈസന്‍സും. ഇലക്ഷന്‍ ഐഡീ കാര്‍ഡും എല്ലാം കരുതിയിട്ടുണ്ട്, അതില്‍ നിന്നും ഏതോ ഒന്നെടുത്തു കാണിക്കുന്നു.എല്ലാം ഓകേ ആണ്. പക്ഷെ ആ മൂന്നംഗ കുടുംബം കോച്ച് മാറി കയറിയവര്‍ ആണ്.അവര്‍ക്ക് തൊട്ടടുത്തുള്ള കൊച്ചിലാണ് ശെരിക്കുള്ള സീറ്റ്.അങ്ങനെ ടീ ടീ പറഞ്ഞതനുസരിച്ച് അവര്‍ മൂന്നു പേരും സാധങ്ങളൊക്കെ എടുത്ത് അടുത്ത കോച്ചിലേക്ക്  പോവുന്നു. സീന്‍ രണ്ടും അങ്ങനെ ശുഭം.

            സുഹൃത്തുക്കളെ, ഇതുവരെ നമ്മുടെ കഥ  കുളങ്ങര ചേട്ടന്റെ   ഏഷ്യാനെറ്റ്‌ പ്ലസിലെ "സഞ്ചാരം " സ്റ്റൈലില്‍  "ഞാന്‍ ട്രെയിനിലേക്ക്‌ വലതു കാലും വച്ചു കയറി. അടുത്ത് നിന്നു കപ്പലണ്ടി കൊറിക്കുന്ന ചേട്ടന്‍ ഓരോ കപ്പലണ്ടിയും തൊലി കളഞ്ഞു വായിലെക്കിടുന്നുണ്ട് . പണ്ട് കോഴിക്കോട് സാമൂതിരിയുടെയും, പഴശ്ശി രാജയുടെയും പാദ സ്പര്‍ശമേറ്റ വഴിയിലൂടെ വണ്ടി കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുമ്പോഴാണല്ലോ അയാള്‍ അങ്ങനെ ചെയ്യുന്നതെന്നോര്‍ത്തു ഞാന്‍ സ്തബ്ധനായീ. വണ്ടി മുന്നിലേക്കൊടുമ്പോള്‍ മരങ്ങളും വൈദ്യുതികാലുകളും പിന്നിലെക്കോടുന്ന കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. ഇടയ്ക്കിടയ്ക്ക് കാണുന്ന അംബര ചുംബികളായ കെട്ടിടങ്ങളുടെ മട്ടുപ്പാവില്‍ ആളുകള്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടിട്ടുണ്ട്. ഒരു മഞ്ഞ നിറത്തിലുള്ള പോളിഎത്തിലീന്‍ കയറുകൊണ്ടാണ് കൂടുതല്‍ പേരും അഴ ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തെ മൊത്തം പൊളിഎതിലീന്റെ 0.37 ശതമാനവുംകോഴിക്കോട്കാരാണ്   ഉപയോഗിക്കാറുള്ളതെന്നു എന്നെ റെയില്‍വേ സ്റെഷനിലെക്കെതിച്ച ഓട്ടോയുടെ ഡ്രൈവര്‍ കുട്ടപ്പന്‍ ചേട്ടന്‍ പറഞ്ഞത് ഞാനോര്‍മിച്ചു" അല്ലേ പൊയ്ക്കൊണ്ടിരുന്നത്. ഇനി കഥ ആകെ മാറാന്‍ പോവുകയാണ്. അടുത്ത സീനോടുകൂടി വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു പ്രശ്നമായി ഇത് മാറും...നമുക്കങ്ങോട്ടു പോയാലോ?

സീന്‍ 3 
           വീണ്ടും ട്രെയിന്‍ തന്നെയാണ് ലൊക്കേഷന്‍. നായകന്‍ മുഖം തുടച്ചു കൊണ്ടിരിക്കുന്നു,പെട്ടെന്ന് അടുത്ത കോച്ചില്‍ നിന്നും ഒരാള്‍ നായകന്‍റെ അടുത്തേക്ക് നടന്നടുക്കുന്നു.  അത് നമ്മള്‍ നേരത്തെ പറഞ്ഞ കുടുംബത്തിലുണ്ടായിരുന്ന ആ പത്തു വയസ്സുകാരനല്ലേ!! നായകന്‍റെ അടുത്തെത്തിയ അവന്റെ മുഖത്ത്‌ ഒരു നേര്‍ത്ത  പുഞ്ചിരി വിരിഞ്ഞോ?? "എന്താ മോനേ, നിനക്കെന്താണ് വേണ്ടത് ? നീ ആ ബാലരമ അവിടെ മറന്നു വച്ചോ? അതോ ബാഗു വല്ലതും എടുക്കാന്‍ മറന്നോ??" ഒന്നും മിണ്ടാതെ അവന്‍ കയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന ഒരു പേപ്പര്‍ കഷ്ണം എടുത്തു നമ്മുടെ ഹീറോയ്ക്ക് നേരെ നീട്ടി. നല്ല വടിവൊത്ത കൈപ്പടയില്‍ നീല മഷികൊന്ടെഴുതിയ ഒരു മൊബൈല്‍  ഫോണ്‍ നമ്പര്‍ മാത്രമേ അതിലുള്ളൂ. " ചേട്ടാ, വിളിക്കണേ " എന്ന് പറഞ്ഞ് അവന്‍ തിരിച്ചോടി. എന്തായാലും കാര്യം എന്താണെന്നറിയണമല്ലോ എന്ന് വിചാരിച്ച് നായകന്‍ തന്‍റെ മൊബൈല്‍ കയ്യിലെടുത്ത് ഓരോരോ അക്കങ്ങളായി ഡയല്‍ ചെയ്യുന്നു....ഇല്ല ഒന്നും സംഭവിക്കുന്നില്ല..."താങ്കള്‍ വിളിച്ച നമ്പര്‍ പരിധിക്ക് പുറത്താണ്" എന്ന് 4 -5 ഭാഷയില്‍ അറിയിപ്പ് കേള്‍ക്കുന്നു. ഇല്ല, നായകന്‍ വിടുന്ന മട്ടില്ല, അയാള്‍ വീണ്ടും വീണ്ടും ശ്രമിക്കുകയാണ്......അവസാനം അതാ അങ്ങേത്തലക്കല്‍ ഒരു ഹലോ ട്യൂണ്‍ കേള്‍ക്കുന്നു " അനുരാഗ വിലോചനനായീ, അതിലേറെ മോഹിതനായീ, പലവട്ടം നില്‍ക്കും ചന്ദ്രനോ തിളക്കം......" ശ്രേയാ ഗോസലിന്റെ മധുരശബ്ദം പാടുന്നു. രണ്ടാം പ്രാവശ്യം അടിച്ചു തുടങ്ങിയപ്പോഴേക്കും ആരോ ഫോണ്‍ എടുത്തു "ഹലോ!" ഒരു നേര്‍ത്ത പെണ്‍ ശബ്ദമാണ്. അവളാരാണ്? അവള്‍ക്കെന്താണ് വേണ്ടത്? ഹലോ സിനിമാ പോലെ ആരെങ്കിലും അവളെ തട്ടിക്കൊണ്ടു പോവുകയാണോ? ആണെങ്കില്‍ നമ്മുടെ നായകന് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? അങ്ങനെ പല ചോദ്യങ്ങളും നമുക്ക് മുന്നിലുയര്‍ത്തി സീന്‍ മൂന്നും ഇവിടെ പൂര്‍ണമാകുന്നു. ഒരു സിനിമ  ആണെങ്കില്‍ ഇന്‍റര്‍വെല്ലിനുള്ള സമയം ആയി.

സീന്‍ 4 :
നായകന്‍ : 'ഹലോ ഇതാരാണ് സംസാരിക്കുന്നത്? നിങ്ങള്‍ക്കെന്താണ് വേണ്ടത്?'

പെണ്‍ശബ്ദം: 'ഹലോ, ശ്രീലക്ഷ്മീടെ ചേട്ടനല്ലേ, ഞാന്‍ ആശ്രയ, ഞാനും ശ്രീലക്ഷ്മീം "X " കോളേജില്‍ ഡിഗ്രിക്കൊരുമിച്ചു പഠിച്ചതാ! എന്‍റെ വീടും കോഴിക്കോട് തന്നെയാ . എസ്സ്.എസ്സ് മ്യൂസിക്കിന്റെ ഒരു ഓഡിഷന്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്നുണ്ട്. അതിനു പോകുന്ന വഴിക്കാണിപ്പോ ചേട്ടനെ കണ്ടത്. നേരത്തെ സംസാരിച്ചില്ലല്ലോ അതാണിപ്പോ നമ്പര് കൊടുത്തു വിട്ടത്."

നായകന്‍ : "അതേയ് ഞാന്‍ ശ്രീലക്ഷ്മീടെ ചേട്ടനല്ലല്ലോ, നിങ്ങള്‍ക്ക് ആള് മാറിയതാണെന്ന് തോന്നുന്നു '"

പെണ്‍ശബ്ദം: "അയ്യോ, പെട്ടെന്ന് കണ്ടാല്‍ ശ്രീലക്ഷ്മീടെ ചേട്ടനാണെന്നേ പറയൂ, ഞാന്‍ ഡിസ്റ്റര്‍ബ്  ചെയ്തെങ്കില്‍ ക്ഷമിക്കണേ, സോറി"

നായകന്‍ : ശെരി, ശെരി

ഫോണ്‍ കട്ടാകുന്നു, ട്രെയിന്‍ ഏകദേശം ഷോര്‍ണൂര്‍ അടുക്കാറായീ,
"അതേയ്, ഈ ഷോര്‍ണൂര് പത്തു പതിനഞ്ചു മിനിറ്റ് സ്റ്റോപ്പുണ്ടാകുമല്ലോ അല്ലേ" വെളുത്ത ഷര്‍ട്ടിട്ട ഒരു ചേട്ടന്‍ ചോദിക്കുന്നു.

"ഹും ...എന്തായാലും ഉണ്ടാവും, ഇപ്പൊ എല്ലാ വണ്ടിയും ഷോര്‍ണൂര്‍ന്ന് എഞ്ചിന്‍ മാറ്റീട്ടാ പോണെ." വേറൊരു ചേട്ടന്‍റെ മറുപടി.

ചേട്ടന്‍ 1 :അപ്പൊ ഭക്ഷണം വാങ്ങാനുള്ള സമയമുണ്ടാവും അല്ലേ ?
ചേട്ടന്‍ 2 :പിന്നേ, അതെന്തായാലും കിട്ടും, നിങ്ങളോന്നുകൊണ്ടും ബേജാറാവണ്ടാന്നെ.

അങ്ങനെ ഭക്ഷണം കിട്ടുംന്ന ശുഭ വിശ്വാസത്തില്‍ സീന്‍ നാലും അവസാനിക്കുന്നു.

സീന്‍ 5 :
    നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് നായകന്‍റെ ഫോണിലേക്ക് ഒരു മെസ്സേജ് പാറി വരുന്നു, അതെ...നിങ്ങളൂഹിച്ചത് ശരിയാണ്, ആ പെണ്‍കുട്ടിയുടെ നമ്പറില്‍ നിന്നു തന്നെ ആണ്.
           "Hai! Hru? Enthaanu vishesham.... sorry for disturbing.... happy journeytto...."
ഇല്ല നമ്മുടെ നായകന്‍ റിപ്ലേ  ഒന്നും ചെയ്തില്ല, കുറച്ചു സമയം കൂടി കഴിഞ്ഞു കാണും വീണ്ടും ഒരു മെസ്സേജ് "chaaya kudicho :-)" അതിനും മറുപടി അയച്ചില്ല, ഇങ്ങനെ ഇടക്കിടയ്ക്ക് ഓരോരോ മെസ്സേജുകള്‍,ഒന്നും ഒന്നോ രണ്ടോ വാക്കുകളില്‍ കൂടുതലില്ല, ഇന്നങ്ങനെ ആണല്ലോ, മൊബൈല്‍ ഫോണ്‍ കമ്പനികളൊക്കെ മാസം കാക്കത്തോള്ളായിരം മെസ്സേജ് ഫ്രീയായി കൊടുക്കുന്നില്ലേ. പിന്നെ വേറെ ചില കമ്പനികള്‍ അഞ്ചു രൂപയുടെ SMS പായ്ക്ക് റീചാര്‍ജ് ചെയ്യുമ്പോ 5000 മെസ്സേജ് ഫ്രീ അങ്ങനെ മറ്റു ചില ഓഫറുകളും....ഇതെല്ലാം കൂടി ആയി ഇന്നത്തെ കാലത്ത് എല്ലാ വിവരവും sms വഴി ആണല്ലോ.

രാവിലെ എണീക്കുമ്പോ തന്നെ അമ്പലത്തിലെ പൂജാരിക്കൊരു മെസ്സേജ്
 "Thirumenee orarchana angadu nadathiyekka, vinayan, moolam nakshathram....paisa postpaid bill pole maasaavasaam ethichekkaam" 

കുറച്ചു നേരം കൂടി കഴിയുമ്പോ അതാ ഒരു മെസ്സേജ് "come fast, to the gate. I'm waiting here"  മീന്‍ കൊണ്ട് വരുന്ന മൊയ്ദീന്‍ ചേട്ടനാണ്, കാലം പോയ ഒരു പോക്കേ!! "ok, coming coming, 25 roopayk chaala edutho chettaa, njaan chettante numberil oru top-up cheythekkaam!" എന്നൊരു  മറുപടിയും  അയച്ചു  നമ്മള്‍  ബാക്കി  കാര്യങ്ങളിലേക്ക് .
ഒരു 7.30 ആവുമ്പോ   ബോസ്സിന്റെ  മെസ്സേജ് "hey, reach by  8.15 today". "yes sir! its my pleasure" എന്ന്  മറുപടിയും  സെന്റ്‌  ചെയ്തു  നമ്മള്‍  വീണ്ടും മറ്റു തിരക്കിലേക്ക്.  

ഓഫീസിലിരിക്കുന്ന  ഭര്‍ത്താവിനു  വൈകിട്ട്  4.30 ഓടെ  ഭാര്യയുടെ  മെസ്സേജ്, "chettaa uppu theernnu poi, varumbo 1pkt uppu medikkane, pinne oru 50g kadukum!"  ലോകം  തന്നെ ഒരു കൊച്ചു  മൊബൈല്‍ സ്ക്രീനിലേക്ക്  ഒതുങ്ങിപ്പോയത്  പോലെ.
നമ്മള് കഥയില്‍ നിന്നും മാറിപ്പോയി അല്ലേ
തിരിച്ചു വരാം. മറുപടി ഒന്നും നമ്മുടെ നായകന്‍ അയക്കുന്നില്ലെങ്കിലെന്താ  മെസ്സേജുകള്‍  വരുന്നതിനൊരു   കുറവും  ഇല്ല. കുറച്ചു കൂടി കഴിഞ്ഞപ്പോഴേക്കും  കാര്യങ്ങള്‍  "chettane, aadyam kandappo thanne enikkishtaayee, Ippo enikku chettane kaanaan thonnunnu " എന്നൊക്കെ  ആയി .   നമ്മുടെ നായകന്‍ ഒരു ഉപദേശ    ലൈനില്‍   "oru backgroundum ariyaatha, kannikkaanunna aarodenkilum okke ingane parayaavo" എന്നൊരു മെസ്സേജ് തിരിച്ചയച്ചു . "enikkithonnum ishtamalla, stop sending sms" എന്നും  കൂടി പറഞ്ഞു. അങ്ങനെ വീണ്ടും ഒരു "sorry, I quit" എന്നോ   മറ്റോ   ഒരു  മെസ്സേജും    കിട്ടി പിന്നെ ശല്യം ഒന്നും ഉണ്ടായില്ല , ട്രെയിന്‍  എറണാകുളത്തെത്തി ... നായകന്‍ ഇറങ്ങി  സുഹൃത്തിന്റെ  വീട്ടിലേക്കു  പോയി , ഒരു അര  മണിക്കൂര്‍  കഴിഞ്ഞു കാണും ബസിറങ്ങി കൂട്ടുകാരന്റെ റൂമിലേക്ക്‌ നടക്കുന്നതിനിടക്ക് വഴിയില്‍ വച്ചു  വീണ്ടും അവളുടെ കോള്‍...ഈ പ്രാവശ്യം എങ്കിലും രണ്ടു പറഞ്ഞിട്ടേ കാര്യമുള്ളൂ എന്ന് വിചാരിച്ചു കൊണ്ട് അദ്ദേഹം ഫോണ്‍ എടുത്തു "എന്തൊക്കെയുണ്ട് വിശേഷം, എത്തിയോ?" അങ്ങനെ കുറെ ചോദ്യങ്ങള്‍ അവിടെ നിന്നു ചോദിക്കുന്നുണ്ട്. " നമ്മുടെ നായകന്‍ ചൂടായിട്ട്‌   "എടീ പെണ്ണേ, നിനക്കെന്താ  വേണ്ടത്? കൊറേ നേരമായല്ലോ മനുഷ്യനെ ശല്യപ്പെടുത്താന്‍ തുടങ്ങീട്ടു? നിന്നോട് ഞാന്‍ നേരത്തെ പറഞ്ഞില്ലേ എനിക്കിതൊന്നും ഇഷ്ടമല്ലാന്ന്‍...മര്യാദക്ക് വച്ചിട്ട് പൊക്കോണം ...ഇനിയെങ്ങാനും വിളിച്ചാല്‍ നീ വിവരം അറിയും കേട്ടോടീ" എന്ന് പറഞ്ഞതും അവിടുന്ന് കുറെ സോറി ഒക്കെ പറഞ്ഞു ഫോണ്‍ കട്ടായി. ശല്യം ഒഴിഞ്ഞുകാണുമെന്ന വിശ്വാസത്തില്‍ നായകന്‍ ഫ്രണ്ടിന്റെ വീട്ടിലേക്ക്....സീന്‍ 5 അവസാനിക്കുന്നു.

സീന്‍ 6 :    
സമയം രാത്രി പത്തു മണി. കഥ അവസ്സാനിക്കുന്നില്ല, അതേ നമ്പറില്‍ നിന്നും "സ്നേഹിക്കുന്ന ഹൃദയങ്ങളെ തിരിച്ചറിയാന്‍ പറ്റാതെ പോകുന്നത് നിങ്ങള്‍ക്കൊരു കരി പിടിച്ച മനസ്സായത് കൊണ്ടാണെന്നൊരു" മെസ്സേജും കൂടി എത്തുന്നു. പിന്നെ ഒന്നും സംഭവിച്ചതായി അറിവില്ല. തല്‍കാലം കഥ ഇവിടെ അവസാനിക്കുന്നു. 

ഇനി  എന്നത്തേയും പോലെ ഉത്തരമില്ലാത്ത  ചില സംശയങ്ങള്‍ മാത്രം ബാക്കി. ആ പെണ്‍കുട്ടി സൈക്കോ ആണോ? അതോ ഇനി മറ്റേതെങ്കിലും റാക്കറ്റുകളിലെ  വല്ല കണ്ണിയും ആണോ? ഇനി ഇതൊന്നും അല്ലാതെ സാധാരണ കാണുന്നപോലെ ചെറുപ്പത്തില്‍ നല്ല നാല് തല്ലു കിട്ടാത്തതിന്റെ കൊഴപ്പമാണോ? എന്തായാലും കൊള്ളാം ഈ SMS കള്‍ക്ക് ഫോണ്‍ കോളുകളെക്കാള്‍ കാശ് വയ്ക്കേണ്ട കാലമൊക്കെ ആയി. ഒരു മെസ്സെജിനു കുറഞ്ഞത് 50 പൈസ എങ്കിലും ആക്കട്ടെ. അപ്പൊ കാണാം ആരൊക്കെ ആര്‍ക്കൊക്കെ ഇങ്ങനെ വെറുതെ മെസ്സേജുകള്‍ അയയ്ക്കുമെന്ന്.... പിന്നെ എല്ലാത്തരം മെസ്സന്‍ജറുകള്‍ക്കും  ചാറ്റിംഗിന് നിരക്ക് ഈടാക്കുക, ഇതെല്ലാം വച്ചു കഴിയുമ്പോ എനിക്കുറപ്പാണ് നമുക്ക് യഥാര്‍ത്ഥ സൌഹൃദങ്ങളും സ്നേഹങ്ങളുമോക്കെ തിരിച്ചറിയാന്‍ പറ്റും. വീണ്ടും എല്ലാം പുറകിലേക്ക് പോവട്ടെ, അതെ, അന്നത്തെ പ്രണയങ്ങളും സൌഹൃദങ്ങളും എല്ലാം എത്ര പരിശുദ്ധം ആയിരുന്നു.

  


 


Sunday, April 4, 2010

ദുഃഖ വെള്ളിയാഴ്ചയിലെ ഒരു ട്രെയിന്‍ യാത്ര

       ഇന്ന്  കുറച്ചു പ്രാധാന്യം ഉണ്ടെന്നെനിക്ക് തോന്നുന്ന ഒരു കാര്യത്തെപ്പറ്റിയാണ്‌ പറയാന്‍ പോകുന്നത്. ഇന്നലെ ഞാന്‍ കാണാനിടയായ ഒരു സംഭവം. അതിലെ തെറ്റും ശരിയും കണ്ടുപിടിക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിട്ടെനിക്ക്  തോന്നി, നിങ്ങള്‍ക്കൊക്കെ നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം, എല്ലാവര്‍ക്കും സ്വാഗതം. ഈസ്ടെര്‍ പ്രമാണിച്ച് രണ്ടു മൂന്നു ദിവസം അവധി ഉള്ളത് കൊണ്ട് വ്യാഴാഴിച്ച  വീട്ടില്‍ പോയേക്കാം എന്ന് വിചാരിച്ചു, പക്ഷെ  നമ്മളൊക്കെ   എല്ലാം മുഹൂര്‍ത്തത്തില്‍ ചെയ്യുന്നത് കൊണ്ട് ആ ദിവസത്തേക്ക് ട്രെയിന്‍ ടിക്കെറ്റൊന്നും കിട്ടിയില്ല. അങ്ങനെ യാത്ര വെള്ളിയാഴ്ച രാവിലത്തേക്ക് മാറ്റി വച്ചു, ഹും...എന്റെ  കാര്യമല്ലേ 8.45 -ന്‍റെ പരശുറാം എക്സ്പ്രെസ്സ് കോഴിക്കൊടുന്നു പോയിക്കഴിഞ്ഞാണ് ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. 11 .10 നുള്ള ചെന്നൈ എക്സ്പ്രെസ്സിനു ഷൊര്‍ണൂരില്‍ ഇറങ്ങി വേണാട് എക്സ്പ്രെസ്സ് പിടിക്കാം എന്നുള്ള ലക്ഷ്യത്തില്‍, മെസ്സ് കാര്‍ഡും വാങ്ങി 10 . 20  ഓടു കൂടി ഞാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി. ആരുടെയോ ഭാഗ്യത്തിന് ട്രെയിന്‍ ഒരു മണിക്കൂര്‍ ലേറ്റ് ആയിരുന്നു 11 .10  നു വരേണ്ട വണ്ടി 12 .00 മണിക്കാണെത്തിയത്... അത്യാവശ്യം നല്ല ക്യൂ ഉണ്ടായിരുന്നു, ഒരു സ്ലീപ്പര്‍ ടിക്കെറ്റും എടുത്തു ഞാന്‍ പ്ലാറ്റ്ഫോം നമ്പര്‍ ത്രീയില്‍ എത്തിയപ്പോ ഗാഡി അങ്ങോട്ട്‌ ആ രഹീ ഹേ... ആ രഹീ ഹേ എന്നൊരു പെണ്‍ ശബ്ദം സ്പീക്കറിലൂടെ മോഴിയുന്നുണ്ട്...
            ദുഃഖ വെള്ളി ആയിട്ടും വണ്ടി അത്യാവശ്യം നിറഞ്ഞാണെത്തിയത്, സാമാന്യം  തിരക്ക് കുറവുള്ള എസ് - 6 കൊച്ചിലാണ് ഞാന്‍ കയറിയത്, കയറിയപ്പോ തന്നെ ഇരിക്കാന്‍ സ്ഥലം കിട്ടുകയും ചെയ്തു. മൂന്നോ നാലോ ചെന്നൈ യാത്രക്കാരോഴിച്ചു  ബാക്കി ഉള്ളവരെല്ലാം എറണാകുളത്തേക്കു (ഷൊര്‍ണൂരിലേക്ക്) ഉള്ളവരാണ്. ഇന്നുള്ള CBSE പ്രീ- മെഡിക്കല്‍, പ്രീ-ഡെന്റല്‍  എന്ട്രന്‍സ് എക്സാം എഴുതാന്‍ പോകുന്നവരാണ് മിക്കവരും. എല്ലാവരുടെയും- പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ- കൂടെ അച്ഛനും അമ്മയും ഉണ്ട്. ഹും... നമ്മളെല്ലാവരും എന്ട്രന്‍സ് എഴുതിയപ്പോഴും അവരൊക്കെ വന്നിരുന്നല്ലോ...ഞാനിരുന്ന സ്ഥലത്തും അച്ഛനും അമ്മയും മകളുമടങ്ങുന്ന ഒരു  മുസ്ലീം  കുടുംബം ഇരിക്കുന്നുണ്ട് ആ പെണ്‍കുട്ടി എന്തോ എന്ട്രന്‍സ് നോട്ടുകള്‍ വായിക്കുന്നുണ്ട്.. പീ സീ തോമസിന്റെ നോട്ടുകള്‍ ആയിരിക്കും. ഞാന്‍ കയറിയ ഉടന്‍ തന്നെ ഉറങ്ങിപ്പോയി .പക്ഷെ ഇപ്പോഴത്തെ ചൂടും, ആ ബോഗിയുടെ ഇരുമ്പിന്റെ ചൂടും ഒക്കെ സഹിക്കാന്‍ കഴിയാതായപ്പോ ഞാന്‍ എണീറ്റ്‌  കുറച്ചു കാറ്റ് കിട്ടുന്ന രീതിയില്‍ വാതിലിനരികില്‍ പോയി നിന്നു. അവിടെ മുടിയൊക്കെ പറ്റെ വെട്ടി, കുറെ ട്രങ്ക് പെട്ടികളും ബാഗുകളും ഒക്കെ നിരത്തി 2-3 പട്ടാളക്കാര്‍ ഇരിക്കുന്നുണ്ട്‌, ടിക്കറ്റ് ഇല്ലാത്തതു കൊണ്ടാണോ എന്തോ ,അവര്‍ ബര്‍ത്തിലൊന്നും ഇരിക്കാതെ അവിടെ ഇരിക്കുന്നത്. വണ്ടി ഒരു പാസഞ്ചര്‍ ട്രെയിന്‍ പോലെ, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ എന്ന് വേണ്ടാ എല്ലായിടത്തും നിര്‍ത്തി നിര്‍ത്തിയാണ് നീങ്ങുന്നത്‌. പ്രത്യേകിച്ചാരും കയറുന്നുമില്ല, ഇറങ്ങുന്നുമില്ല എന്നാപ്പിന്നെ എന്തിനാണാവോ എല്ലായിടത്തും സ്റ്റോപ്പ്‌? മന്ത്രി മലപ്പുറം കാരനായതുകൊണ്ടാവും റയില്‍വേക്കും മലപ്പുറത്തോടിത്ര സ്നേഹം.ചവിട്ടു പടിയിലിരുന്നു യാത്ര ചെയ്യുന്നവരും 2-3 പേരുണ്ട്. ടീ ടീ ആര്‍ ഒന്നും വന്നു കണ്ടില്ല, വാതിലില്‍ ഇരിക്കുന്നവര്‍ എന്തായാലും ഒരു ടിക്കറ്റ് പോലും എടുത്തിട്ടില്ലാന്നു അവരെ കണ്ടാല്‍ തന്നെ അറിയാം.. വെള്ളമില്ലാതെ ഭാരതപ്പുഴ അങ്ങനെ വറ്റി വരണ്ടു കിടക്കുന്നു, ഇടയ്ക്കിടയ്ക്ക് മഴവെള്ളം കെട്ടിക്കിടക്കുന്നത് പോലെ ചെറിയ ചെറിയ നീര്‍ തടങ്ങളിലൂടെ മാത്രമാണിന്ന് നിള ജീവിക്കുന്നത്. വേനല്‍ കടുത്തപ്പോള്‍ തെളിഞ്ഞ മണല്‍ പുറ്റുകളില്‍ നിന്നും  ചാക്കുകളില്‍ മണല്‍ നിറക്കുന്ന ആളുകളെ അവിടെയും ഇവിടെയും കാണാം. വന്‍ തോതിലുള്ള മണല്‍ കോള്ള നടക്കാതായപ്പോ ഇങ്ങനെയാണ് ഇപ്പോഴൊക്കെ മണലൂറ്റ് നടത്തുന്നത്...പലതുള്ളി പെരുവെള്ളം അങ്ങനെയാണല്ലോ. ഈ നില തുടര്‍ന്നാല്‍ ആന്ധ്രയിലൂടെ പോകുമ്പോള്‍ കാണുന്ന ചില നദികള്‍ പോലെ ഈ ഭാരതപുഴയും അധികം താമസിക്കാതെ  ഒരു മണല്‍പ്പരപ്പ്‌ മാത്രം ആകും...അങ്ങനെ ആയാലും നമ്മുടെ പാര്ട്ടിക്കാരോക്കെ  വല്ല ലയന സമ്മേളനമോ, പാര്‍ട്ടി കോണ്‍ഗ്രസോ ഒക്കെ നടത്താനായി ആ സ്ഥലം ഉപയോഗിക്കുമായിരിക്കും. ദൈവമേ ഈ നാടിനെ രക്ഷിച്ചോളണേ!!    
                 വണ്ടി അങ്ങനെ ഏകദേശം കുറ്റിപ്പുറം എത്താറായി, അപ്പൊ അതാ ഒരു ബാഡ്ജും തൂക്കി ഒരു മനുഷ്യന്‍ വരുന്നു. ടിക്കറ്റ്   പരിശോധിക്കാന്‍ വന്ന സ്ക്വാഡില്‍ പെട്ട  ആളാണ്‌. വാതില്‍ക്കല്‍ നില്‍ക്കുന്ന മിക്കവര്‍ക്കും ജനറല്‍ ടിക്കെറ്റ് മാത്രമേ ഉള്ളൂ, അവരോടൊക്കെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി മാറി കയറണം എന്ന് അയാള്‍ ഉപദേശിക്കുന്നത് കേട്ടു. ഒന്ന് രണ്ടു പേര്‍ തങ്ങള്‍ക്കു സ്ലീപ്പര്‍  ടിക്കറ്റ് എടുക്കണം എന്നറിയില്ലായിരുന്നു, "തെരിയലെ സാര്‍" എന്നൊക്കെ പറഞ്ഞു രക്ഷപ്പെട്ടു. ടിക്കറ്റ് ഒക്കെ കാണിച്ച സ്ഥിതിക്ക് ഞാന്‍ സീറ്റിലേക്ക് പോയി ഇരുന്നു. എന്റെ അടുത്തുണ്ടായിരുന്നവര്‍, -നേരത്തെ പറഞ്ഞ ആ മൂന്നംഗ  കുടുംബം- അവരും ജനറല്‍ ടിക്കറ്റ് ആണെടുത്തിരുന്നത്. അവര്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്കു പോകുന്നവരാണ്, അതുകൊണ്ട്  കോഴിക്കോട് മുതല്‍ എറണാകുളം വരെയുള്ള  ഒരു ജനറല്‍  ടിക്കറ്റ് ആണവരുടെ കയ്യില്‍ ഉള്ളത്. ഈ പരിശോധകന്‍ വന്നു ചോദിച്ചപ്പോ പെണ്‍കുട്ടിയുടെ അച്ഛന്‍ ടിക്കറ്റ് കാണിച്ചു. അപ്പോള്‍ തന്നെ അയാള്‍ അവരോടു "നിങ്ങള്‍ സ്ലീപര്‍ ടിക്കറ്റ്‌ എടുക്കണമായിരുന്നു. കുറച്ചു ദൂരം വല്ലതും യാത്ര ചെയ്യാന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വെറുതെ വിട്ടേനെ, പക്ഷെ ഇതിപ്പോ നല്ല ദൂരം പോകുന്നില്ലേ അതുകൊണ്ട് നിങ്ങള്‍ ഫൈന്‍ അടക്കണം എന്ന് പറഞ്ഞു." ജനറല്‍ ടിക്കറ്റ് സ്ലീപ്പര്‍ ആക്കി കണ്‍വേര്‍ട്ട് ചെയ്യാന്‍ 30 രൂപാ അടക്കേണ്ട ആവശ്യമേ ഉള്ളൂ ( ജനറല്‍ 31 രൂപാ, സ്ലീപര്‍ 61 രൂപാ). പക്ഷെ ഈ സ്ക്വാഡ്കള്‍ക്ക്  ടിക്കറ്റ് മാറ്റി നല്‍കാനുള്ള അനുമതി ഇല്ലത്രെ, അവര്‍ ഫൈന്‍ മാത്രം വാങ്ങാനുള്ളവരാണ്. അങ്ങനെ അവരോട് ഓരോരുത്തര്‍ക്കും 250 രൂപാ ഫൈനും  31 രൂപാ അധിക ചാര്‍ജും അടക്കം 281 രൂപാ അടച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് യാത്ര തുടരാന്‍ സാധിക്കൂ എന്നാണു അയാള്‍ പറഞ്ഞത്. അങ്ങനെ മൊത്തം 843 രൂപാ ഫൈന്‍ മാത്രം. അതും കോഴിക്കോടു നിന്നും ഷോര്‍ണൂര്‍ വരെ യാത്ര ചെയ്യാന്‍! തങ്ങള്‍ മകളുടെ  പരീക്ഷക്ക്‌ പോകുകയാണെന്നും മറ്റും അവര്‍ പറയുന്നുണ്ടായിരുന്നു. അതിനു നമ്മുടെ സ്ക്വാഡ്  സാര്‍ പറഞ്ഞ മറുപടിയാണ് രസകരം " ഞാനിപ്പോ ഫൈന്‍ രസീത്  തന്നേക്കാം, നിങ്ങളെനിക്ക്  ഒരു ഉറപ്പ്  എഴുതി തന്നാല്‍ ഫൈന്‍ പിന്നീട് ഏതെങ്കിലും സ്റ്റേഷനില്‍  അടച്ചാല്‍ മതിയത്രേ". അവസാനം അവര്‍ 843 രൂപാ ഫൈന്‍ അടച്ചാണ് യാത്ര തുടര്‍ന്നത്.  ഫൈന്‍ ഒക്കെ വാങ്ങിയ ശേഷം നമ്മുടെ സര്‍ പറഞ്ഞ ഒരു വാചകം "എനിക്ക് പ്രയാസം ഇല്ലാഞ്ഞിട്ടല്ല, വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ടാണ് കേട്ടോ". അവിടെ അത് കണ്ടു നിന്ന എല്ലാവര്‍ക്കും സ്വയം വെറുപ്പ്‌ തോന്നിക്കാണും, ചില സമയങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വരുമ്പോ നമ്മളെപ്പോലുള്ള സാധാരണക്കാരന് തോന്നുന്ന മനോഭാവം. എന്തായാലും ഒരു എന്ട്രന്‍സ് എക്സാമിന്  പോകുന്നവര്‍  പതിനായിരങ്ങളൊന്നും  കയ്യില്‍ കരുതിയിട്ട ല്ലല്ലോ പോകുന്നത് .
                 സ്വന്തം ഭാര്യയും, മകളും കൂടെയുള്ളപ്പോ ഒരിക്കലും അറിഞ്ഞുകൊണ്ട് എന്തായാലും ഒരു ഭര്‍ത്താവോ അച്ഛനോ അങ്ങനെ ചെയ്യില്ല  എന്ന് സാമാന്യ വിവരം ഉള്ളവര്‍ എല്ലാവര്ക്കും അറിയാം.പ്രത്യേകിച്ചും അവര്‍ ഒരു പരീക്ഷക്ക്‌ പോകുമ്പോള്‍. അദ്ദേഹത്തിന്റെ ആ അറിവില്ലായ്മയെ കണക്കിലെടുത്ത് ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ചു കൊടുക്കുകയോ, അല്ലെങ്കില്‍ ഒരു ചെറിയ ശിക്ഷ എന്നാ നിലയില്‍ നൂറോ ഇരുന്നൂറോ രൂപാ അടപ്പിക്കുകയോ ചെയ്തിരുന്നെങ്കില്‍ എനിക്കാ സ്ക്വാടിനോട് കുറച്ചു ബഹുമാനം തോന്നിയേനെ. മനസ്സാക്ഷിക്കു നിരക്കാത്ത നിയമങ്ങള്‍ അതെന്തായാലും സമൂഹത്തിനൊരു ഭാരമാണ്. ഈ ഫൈന്‍ വാങ്ങാന്‍ കാണിക്കുന്ന ശുഷ്കാന്തി റെയില്‍വേ തങ്ങളുടെ നിയമങ്ങള്‍ സാധാരണക്കാര്‍ക്ക്   മനസ്സിലാക്കി കൊടുക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഉള്ള പലതും ഉണ്ടാവില്ലായിരുന്നു. അതും കൂടാതെ  സ്വന്തം ജോലിയോട് അത്രയധികം കൂറ് പുലര്‍ത്തുന്ന ഒരു വ്യക്തി ആണെങ്കില്‍ എല്ലാവരോടും അയാള്‍ ഫൈന്‍ മേടിക്കേണ്ടതല്ലേ? നമ്മുടെ പോലീസിനെപ്പോലെ ഇവരും ഒരു ടാര്‍ഗറ്റ് ഫിക്സ് ചെയ്തായിരിക്കും ഫൈന്‍ പിരിക്കാന്‍ ഇറങ്ങുന്നത്. മനുഷ്യത്യം എന്നൊരു സാധനം തൊട്ടു തീണ്ടിയ ഒരു മനുഷ്യന്‍ ആയിരുന്നു ആ ഉദ്യോഗസ്ഥന്‍ എങ്കില്‍ അയാള്‍ക്ക് ഒന്ന് കണ്ണടക്കാമായിരുന്നതല്ലേ ഉള്ളൂ? കുറച്ചു പണം കിട്ടും എന്നുള്ളവരുടെ അടുത്ത് വന്നപ്പോള്‍ അയാള്‍ തന്റെ സ്വഭാവം കാണിച്ചു, ചിലപ്പോ അയാള്‍ക്കും എന്തെങ്കിലും നക്കാപ്പിച്ച ഇതീന്ന് കമ്മീഷന്‍ കിട്ടുമായിരിക്കും. ഇങ്ങനെയുള്ളവരെ ജോലിക്കെടുക്കുന്നതിനു പകരം ഒരു രണ്ടു മൂന്നു റോബോട്ടുകളെ  ടിക്കറ്റ് ചെക്ക് ചെയ്യാന്‍ നിയമിക്കാവുന്നതാണ്. മനുഷ്യനെ മറ്റു കോടിക്കണക്കിനു ജീവികളില്‍ നിന്നും വേര്‍തിരിക്കുന്ന ഗുണമാണല്ലോ മനുഷ്യത്വം. സുഹൃത്തേ, അതില്ലാതെ മനുഷ്യനും മൃഗങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം? ഇന്നത്തെകാലത്ത് നമ്മള്‍ വളര്‍ത്തുന്ന പശുവിനും, പൂച്ചക്കും പട്ടിക്കുമൊക്കെ നമ്മളെക്കാള്‍ മനുഷ്യത്വം ഉണ്ടാവും. "അയ്യോ, അവന്‍/അവള്‍ വെറും പാവമാണ്" എന്ന് നമ്മള്‍ മറ്റൊരാളുടെ കുറവായിട്ടാണ്  പറയുന്നത്. പിന്നെ പാവങ്ങളെ മുതലെടുക്കാന്‍ അനേകം പേരും, ഇയാള്‍ അതിലൊരാള്‍ മാത്രം. ഒരു മനുഷ്യ രാശിയുടെ മുഴുവന്‍ നമയ്ക്ക് വേണ്ടി നിറഞ്ഞ മനസ്സോടെ സ്വയം ക്രൂശിതനായ ഒരു മഹാന്റെ ഓര്‍മ്മ  ദിവസം- ദുഃഖ വെള്ളിയാഴ്ച- തന്നെ നമ്മള്‍ ഇങ്ങനെ  ചെയ്യണം. ഇത് ഞാന്‍ കണ്ട ഒരു ചെറിയ ഉദാഹരണം മാത്രം. അങ്ങനെ  ദിവസവും എത്രയെത്ര നിരപരാധികള്‍ അധിക്ഷേപിക്കപ്പെടുന്നു.എത്രപേരുടെ  ജീവിതം മറ്റു ചിലരാല്‍ ചവിട്ടി അരക്കപ്പെടുന്നു. ഈ സാധാരണക്കാരനും സമൂഹത്തിലെ ഉയര്‍ന്നവരും തമ്മിലുള്ള വ്യത്യാസം അവസാനിക്കുന്നിടത്ത്  വച്ചേ നമ്മുടെ ഈ നാട് നന്നാവാന്‍ തുടങ്ങൂ. 
                    ഇനി ആ കുടുംബത്തിന് ആവശ്യത്തിനുള്ള പണം കയ്യിലുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ആ പെണ്‍കുട്ടി ഇന്നത്തെ പരീക്ഷ എങ്ങനെ എഴുതി എന്നും എനിക്കറിയില്ല. പക്ഷെ ഇതൊക്കെ കണ്ട് മുകളിലോരാള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെല്ലാ നന്മകളും ഉണ്ടാവും തീര്‍ച്ച....

വാല്‍ക്കഷ്ണം: ഇപ്പൊ ട്രെയിന്‍ ഷോര്‍ണൂര്‍ അടുക്കുന്നു, ഒരു വെളുത്ത ഫൈബര്‍ വടിയും പിടിച്ച് കണ്ണുകാണാത്ത ഒരാള്‍ സഹായം ചോദിച്ചു വരുന്നു, അദ്ദേഹം ഞങ്ങളെ കടന്നു മുന്‍പോട്ടു പോയി. പെട്ടെന്നാരോ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. ഞങ്ങളുടെ സീറ്റിനെതിരായി ഇരിക്കുന്ന  കമ്പിളി വസ്ത്രങ്ങള്‍ വീടുതോറും വില്‍ക്കുന്ന ഒരു ബീഹാറി ആണ് വിളിച്ചത്. തന്റെ അധ്വാനത്തില്‍ നിന്നും ഒരു നാണയം അയാള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ചു. നമ്മുടെ ഫൈന്‍ അടച്ച  ചേട്ടനും തന്റെ പേര്‍സില്‍ നിന്നും കുറച്ചു പണം എടുത്ത് അദ്ദേഹത്തിന് നല്‍കി.... ഇല്ല നന്മ മരിച്ചിട്ടില്ല, ഈ നല്ല  മനസ്സുകളുടെ പ്രകാശം മറ്റുള്ളവര്‍ക്കൊക്കെ വെളിച്ചം പകരട്ടെ.