Sunday, April 4, 2010

ദുഃഖ വെള്ളിയാഴ്ചയിലെ ഒരു ട്രെയിന്‍ യാത്ര

       ഇന്ന്  കുറച്ചു പ്രാധാന്യം ഉണ്ടെന്നെനിക്ക് തോന്നുന്ന ഒരു കാര്യത്തെപ്പറ്റിയാണ്‌ പറയാന്‍ പോകുന്നത്. ഇന്നലെ ഞാന്‍ കാണാനിടയായ ഒരു സംഭവം. അതിലെ തെറ്റും ശരിയും കണ്ടുപിടിക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിട്ടെനിക്ക്  തോന്നി, നിങ്ങള്‍ക്കൊക്കെ നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം, എല്ലാവര്‍ക്കും സ്വാഗതം. ഈസ്ടെര്‍ പ്രമാണിച്ച് രണ്ടു മൂന്നു ദിവസം അവധി ഉള്ളത് കൊണ്ട് വ്യാഴാഴിച്ച  വീട്ടില്‍ പോയേക്കാം എന്ന് വിചാരിച്ചു, പക്ഷെ  നമ്മളൊക്കെ   എല്ലാം മുഹൂര്‍ത്തത്തില്‍ ചെയ്യുന്നത് കൊണ്ട് ആ ദിവസത്തേക്ക് ട്രെയിന്‍ ടിക്കെറ്റൊന്നും കിട്ടിയില്ല. അങ്ങനെ യാത്ര വെള്ളിയാഴ്ച രാവിലത്തേക്ക് മാറ്റി വച്ചു, ഹും...എന്റെ  കാര്യമല്ലേ 8.45 -ന്‍റെ പരശുറാം എക്സ്പ്രെസ്സ് കോഴിക്കൊടുന്നു പോയിക്കഴിഞ്ഞാണ് ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. 11 .10 നുള്ള ചെന്നൈ എക്സ്പ്രെസ്സിനു ഷൊര്‍ണൂരില്‍ ഇറങ്ങി വേണാട് എക്സ്പ്രെസ്സ് പിടിക്കാം എന്നുള്ള ലക്ഷ്യത്തില്‍, മെസ്സ് കാര്‍ഡും വാങ്ങി 10 . 20  ഓടു കൂടി ഞാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി. ആരുടെയോ ഭാഗ്യത്തിന് ട്രെയിന്‍ ഒരു മണിക്കൂര്‍ ലേറ്റ് ആയിരുന്നു 11 .10  നു വരേണ്ട വണ്ടി 12 .00 മണിക്കാണെത്തിയത്... അത്യാവശ്യം നല്ല ക്യൂ ഉണ്ടായിരുന്നു, ഒരു സ്ലീപ്പര്‍ ടിക്കെറ്റും എടുത്തു ഞാന്‍ പ്ലാറ്റ്ഫോം നമ്പര്‍ ത്രീയില്‍ എത്തിയപ്പോ ഗാഡി അങ്ങോട്ട്‌ ആ രഹീ ഹേ... ആ രഹീ ഹേ എന്നൊരു പെണ്‍ ശബ്ദം സ്പീക്കറിലൂടെ മോഴിയുന്നുണ്ട്...
            ദുഃഖ വെള്ളി ആയിട്ടും വണ്ടി അത്യാവശ്യം നിറഞ്ഞാണെത്തിയത്, സാമാന്യം  തിരക്ക് കുറവുള്ള എസ് - 6 കൊച്ചിലാണ് ഞാന്‍ കയറിയത്, കയറിയപ്പോ തന്നെ ഇരിക്കാന്‍ സ്ഥലം കിട്ടുകയും ചെയ്തു. മൂന്നോ നാലോ ചെന്നൈ യാത്രക്കാരോഴിച്ചു  ബാക്കി ഉള്ളവരെല്ലാം എറണാകുളത്തേക്കു (ഷൊര്‍ണൂരിലേക്ക്) ഉള്ളവരാണ്. ഇന്നുള്ള CBSE പ്രീ- മെഡിക്കല്‍, പ്രീ-ഡെന്റല്‍  എന്ട്രന്‍സ് എക്സാം എഴുതാന്‍ പോകുന്നവരാണ് മിക്കവരും. എല്ലാവരുടെയും- പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ- കൂടെ അച്ഛനും അമ്മയും ഉണ്ട്. ഹും... നമ്മളെല്ലാവരും എന്ട്രന്‍സ് എഴുതിയപ്പോഴും അവരൊക്കെ വന്നിരുന്നല്ലോ...ഞാനിരുന്ന സ്ഥലത്തും അച്ഛനും അമ്മയും മകളുമടങ്ങുന്ന ഒരു  മുസ്ലീം  കുടുംബം ഇരിക്കുന്നുണ്ട് ആ പെണ്‍കുട്ടി എന്തോ എന്ട്രന്‍സ് നോട്ടുകള്‍ വായിക്കുന്നുണ്ട്.. പീ സീ തോമസിന്റെ നോട്ടുകള്‍ ആയിരിക്കും. ഞാന്‍ കയറിയ ഉടന്‍ തന്നെ ഉറങ്ങിപ്പോയി .പക്ഷെ ഇപ്പോഴത്തെ ചൂടും, ആ ബോഗിയുടെ ഇരുമ്പിന്റെ ചൂടും ഒക്കെ സഹിക്കാന്‍ കഴിയാതായപ്പോ ഞാന്‍ എണീറ്റ്‌  കുറച്ചു കാറ്റ് കിട്ടുന്ന രീതിയില്‍ വാതിലിനരികില്‍ പോയി നിന്നു. അവിടെ മുടിയൊക്കെ പറ്റെ വെട്ടി, കുറെ ട്രങ്ക് പെട്ടികളും ബാഗുകളും ഒക്കെ നിരത്തി 2-3 പട്ടാളക്കാര്‍ ഇരിക്കുന്നുണ്ട്‌, ടിക്കറ്റ് ഇല്ലാത്തതു കൊണ്ടാണോ എന്തോ ,അവര്‍ ബര്‍ത്തിലൊന്നും ഇരിക്കാതെ അവിടെ ഇരിക്കുന്നത്. വണ്ടി ഒരു പാസഞ്ചര്‍ ട്രെയിന്‍ പോലെ, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ എന്ന് വേണ്ടാ എല്ലായിടത്തും നിര്‍ത്തി നിര്‍ത്തിയാണ് നീങ്ങുന്നത്‌. പ്രത്യേകിച്ചാരും കയറുന്നുമില്ല, ഇറങ്ങുന്നുമില്ല എന്നാപ്പിന്നെ എന്തിനാണാവോ എല്ലായിടത്തും സ്റ്റോപ്പ്‌? മന്ത്രി മലപ്പുറം കാരനായതുകൊണ്ടാവും റയില്‍വേക്കും മലപ്പുറത്തോടിത്ര സ്നേഹം.ചവിട്ടു പടിയിലിരുന്നു യാത്ര ചെയ്യുന്നവരും 2-3 പേരുണ്ട്. ടീ ടീ ആര്‍ ഒന്നും വന്നു കണ്ടില്ല, വാതിലില്‍ ഇരിക്കുന്നവര്‍ എന്തായാലും ഒരു ടിക്കറ്റ് പോലും എടുത്തിട്ടില്ലാന്നു അവരെ കണ്ടാല്‍ തന്നെ അറിയാം.. വെള്ളമില്ലാതെ ഭാരതപ്പുഴ അങ്ങനെ വറ്റി വരണ്ടു കിടക്കുന്നു, ഇടയ്ക്കിടയ്ക്ക് മഴവെള്ളം കെട്ടിക്കിടക്കുന്നത് പോലെ ചെറിയ ചെറിയ നീര്‍ തടങ്ങളിലൂടെ മാത്രമാണിന്ന് നിള ജീവിക്കുന്നത്. വേനല്‍ കടുത്തപ്പോള്‍ തെളിഞ്ഞ മണല്‍ പുറ്റുകളില്‍ നിന്നും  ചാക്കുകളില്‍ മണല്‍ നിറക്കുന്ന ആളുകളെ അവിടെയും ഇവിടെയും കാണാം. വന്‍ തോതിലുള്ള മണല്‍ കോള്ള നടക്കാതായപ്പോ ഇങ്ങനെയാണ് ഇപ്പോഴൊക്കെ മണലൂറ്റ് നടത്തുന്നത്...പലതുള്ളി പെരുവെള്ളം അങ്ങനെയാണല്ലോ. ഈ നില തുടര്‍ന്നാല്‍ ആന്ധ്രയിലൂടെ പോകുമ്പോള്‍ കാണുന്ന ചില നദികള്‍ പോലെ ഈ ഭാരതപുഴയും അധികം താമസിക്കാതെ  ഒരു മണല്‍പ്പരപ്പ്‌ മാത്രം ആകും...അങ്ങനെ ആയാലും നമ്മുടെ പാര്ട്ടിക്കാരോക്കെ  വല്ല ലയന സമ്മേളനമോ, പാര്‍ട്ടി കോണ്‍ഗ്രസോ ഒക്കെ നടത്താനായി ആ സ്ഥലം ഉപയോഗിക്കുമായിരിക്കും. ദൈവമേ ഈ നാടിനെ രക്ഷിച്ചോളണേ!!    
                 വണ്ടി അങ്ങനെ ഏകദേശം കുറ്റിപ്പുറം എത്താറായി, അപ്പൊ അതാ ഒരു ബാഡ്ജും തൂക്കി ഒരു മനുഷ്യന്‍ വരുന്നു. ടിക്കറ്റ്   പരിശോധിക്കാന്‍ വന്ന സ്ക്വാഡില്‍ പെട്ട  ആളാണ്‌. വാതില്‍ക്കല്‍ നില്‍ക്കുന്ന മിക്കവര്‍ക്കും ജനറല്‍ ടിക്കെറ്റ് മാത്രമേ ഉള്ളൂ, അവരോടൊക്കെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി മാറി കയറണം എന്ന് അയാള്‍ ഉപദേശിക്കുന്നത് കേട്ടു. ഒന്ന് രണ്ടു പേര്‍ തങ്ങള്‍ക്കു സ്ലീപ്പര്‍  ടിക്കറ്റ് എടുക്കണം എന്നറിയില്ലായിരുന്നു, "തെരിയലെ സാര്‍" എന്നൊക്കെ പറഞ്ഞു രക്ഷപ്പെട്ടു. ടിക്കറ്റ് ഒക്കെ കാണിച്ച സ്ഥിതിക്ക് ഞാന്‍ സീറ്റിലേക്ക് പോയി ഇരുന്നു. എന്റെ അടുത്തുണ്ടായിരുന്നവര്‍, -നേരത്തെ പറഞ്ഞ ആ മൂന്നംഗ  കുടുംബം- അവരും ജനറല്‍ ടിക്കറ്റ് ആണെടുത്തിരുന്നത്. അവര്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്കു പോകുന്നവരാണ്, അതുകൊണ്ട്  കോഴിക്കോട് മുതല്‍ എറണാകുളം വരെയുള്ള  ഒരു ജനറല്‍  ടിക്കറ്റ് ആണവരുടെ കയ്യില്‍ ഉള്ളത്. ഈ പരിശോധകന്‍ വന്നു ചോദിച്ചപ്പോ പെണ്‍കുട്ടിയുടെ അച്ഛന്‍ ടിക്കറ്റ് കാണിച്ചു. അപ്പോള്‍ തന്നെ അയാള്‍ അവരോടു "നിങ്ങള്‍ സ്ലീപര്‍ ടിക്കറ്റ്‌ എടുക്കണമായിരുന്നു. കുറച്ചു ദൂരം വല്ലതും യാത്ര ചെയ്യാന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വെറുതെ വിട്ടേനെ, പക്ഷെ ഇതിപ്പോ നല്ല ദൂരം പോകുന്നില്ലേ അതുകൊണ്ട് നിങ്ങള്‍ ഫൈന്‍ അടക്കണം എന്ന് പറഞ്ഞു." ജനറല്‍ ടിക്കറ്റ് സ്ലീപ്പര്‍ ആക്കി കണ്‍വേര്‍ട്ട് ചെയ്യാന്‍ 30 രൂപാ അടക്കേണ്ട ആവശ്യമേ ഉള്ളൂ ( ജനറല്‍ 31 രൂപാ, സ്ലീപര്‍ 61 രൂപാ). പക്ഷെ ഈ സ്ക്വാഡ്കള്‍ക്ക്  ടിക്കറ്റ് മാറ്റി നല്‍കാനുള്ള അനുമതി ഇല്ലത്രെ, അവര്‍ ഫൈന്‍ മാത്രം വാങ്ങാനുള്ളവരാണ്. അങ്ങനെ അവരോട് ഓരോരുത്തര്‍ക്കും 250 രൂപാ ഫൈനും  31 രൂപാ അധിക ചാര്‍ജും അടക്കം 281 രൂപാ അടച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് യാത്ര തുടരാന്‍ സാധിക്കൂ എന്നാണു അയാള്‍ പറഞ്ഞത്. അങ്ങനെ മൊത്തം 843 രൂപാ ഫൈന്‍ മാത്രം. അതും കോഴിക്കോടു നിന്നും ഷോര്‍ണൂര്‍ വരെ യാത്ര ചെയ്യാന്‍! തങ്ങള്‍ മകളുടെ  പരീക്ഷക്ക്‌ പോകുകയാണെന്നും മറ്റും അവര്‍ പറയുന്നുണ്ടായിരുന്നു. അതിനു നമ്മുടെ സ്ക്വാഡ്  സാര്‍ പറഞ്ഞ മറുപടിയാണ് രസകരം " ഞാനിപ്പോ ഫൈന്‍ രസീത്  തന്നേക്കാം, നിങ്ങളെനിക്ക്  ഒരു ഉറപ്പ്  എഴുതി തന്നാല്‍ ഫൈന്‍ പിന്നീട് ഏതെങ്കിലും സ്റ്റേഷനില്‍  അടച്ചാല്‍ മതിയത്രേ". അവസാനം അവര്‍ 843 രൂപാ ഫൈന്‍ അടച്ചാണ് യാത്ര തുടര്‍ന്നത്.  ഫൈന്‍ ഒക്കെ വാങ്ങിയ ശേഷം നമ്മുടെ സര്‍ പറഞ്ഞ ഒരു വാചകം "എനിക്ക് പ്രയാസം ഇല്ലാഞ്ഞിട്ടല്ല, വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ടാണ് കേട്ടോ". അവിടെ അത് കണ്ടു നിന്ന എല്ലാവര്‍ക്കും സ്വയം വെറുപ്പ്‌ തോന്നിക്കാണും, ചില സമയങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വരുമ്പോ നമ്മളെപ്പോലുള്ള സാധാരണക്കാരന് തോന്നുന്ന മനോഭാവം. എന്തായാലും ഒരു എന്ട്രന്‍സ് എക്സാമിന്  പോകുന്നവര്‍  പതിനായിരങ്ങളൊന്നും  കയ്യില്‍ കരുതിയിട്ട ല്ലല്ലോ പോകുന്നത് .
                 സ്വന്തം ഭാര്യയും, മകളും കൂടെയുള്ളപ്പോ ഒരിക്കലും അറിഞ്ഞുകൊണ്ട് എന്തായാലും ഒരു ഭര്‍ത്താവോ അച്ഛനോ അങ്ങനെ ചെയ്യില്ല  എന്ന് സാമാന്യ വിവരം ഉള്ളവര്‍ എല്ലാവര്ക്കും അറിയാം.പ്രത്യേകിച്ചും അവര്‍ ഒരു പരീക്ഷക്ക്‌ പോകുമ്പോള്‍. അദ്ദേഹത്തിന്റെ ആ അറിവില്ലായ്മയെ കണക്കിലെടുത്ത് ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ചു കൊടുക്കുകയോ, അല്ലെങ്കില്‍ ഒരു ചെറിയ ശിക്ഷ എന്നാ നിലയില്‍ നൂറോ ഇരുന്നൂറോ രൂപാ അടപ്പിക്കുകയോ ചെയ്തിരുന്നെങ്കില്‍ എനിക്കാ സ്ക്വാടിനോട് കുറച്ചു ബഹുമാനം തോന്നിയേനെ. മനസ്സാക്ഷിക്കു നിരക്കാത്ത നിയമങ്ങള്‍ അതെന്തായാലും സമൂഹത്തിനൊരു ഭാരമാണ്. ഈ ഫൈന്‍ വാങ്ങാന്‍ കാണിക്കുന്ന ശുഷ്കാന്തി റെയില്‍വേ തങ്ങളുടെ നിയമങ്ങള്‍ സാധാരണക്കാര്‍ക്ക്   മനസ്സിലാക്കി കൊടുക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഉള്ള പലതും ഉണ്ടാവില്ലായിരുന്നു. അതും കൂടാതെ  സ്വന്തം ജോലിയോട് അത്രയധികം കൂറ് പുലര്‍ത്തുന്ന ഒരു വ്യക്തി ആണെങ്കില്‍ എല്ലാവരോടും അയാള്‍ ഫൈന്‍ മേടിക്കേണ്ടതല്ലേ? നമ്മുടെ പോലീസിനെപ്പോലെ ഇവരും ഒരു ടാര്‍ഗറ്റ് ഫിക്സ് ചെയ്തായിരിക്കും ഫൈന്‍ പിരിക്കാന്‍ ഇറങ്ങുന്നത്. മനുഷ്യത്യം എന്നൊരു സാധനം തൊട്ടു തീണ്ടിയ ഒരു മനുഷ്യന്‍ ആയിരുന്നു ആ ഉദ്യോഗസ്ഥന്‍ എങ്കില്‍ അയാള്‍ക്ക് ഒന്ന് കണ്ണടക്കാമായിരുന്നതല്ലേ ഉള്ളൂ? കുറച്ചു പണം കിട്ടും എന്നുള്ളവരുടെ അടുത്ത് വന്നപ്പോള്‍ അയാള്‍ തന്റെ സ്വഭാവം കാണിച്ചു, ചിലപ്പോ അയാള്‍ക്കും എന്തെങ്കിലും നക്കാപ്പിച്ച ഇതീന്ന് കമ്മീഷന്‍ കിട്ടുമായിരിക്കും. ഇങ്ങനെയുള്ളവരെ ജോലിക്കെടുക്കുന്നതിനു പകരം ഒരു രണ്ടു മൂന്നു റോബോട്ടുകളെ  ടിക്കറ്റ് ചെക്ക് ചെയ്യാന്‍ നിയമിക്കാവുന്നതാണ്. മനുഷ്യനെ മറ്റു കോടിക്കണക്കിനു ജീവികളില്‍ നിന്നും വേര്‍തിരിക്കുന്ന ഗുണമാണല്ലോ മനുഷ്യത്വം. സുഹൃത്തേ, അതില്ലാതെ മനുഷ്യനും മൃഗങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം? ഇന്നത്തെകാലത്ത് നമ്മള്‍ വളര്‍ത്തുന്ന പശുവിനും, പൂച്ചക്കും പട്ടിക്കുമൊക്കെ നമ്മളെക്കാള്‍ മനുഷ്യത്വം ഉണ്ടാവും. "അയ്യോ, അവന്‍/അവള്‍ വെറും പാവമാണ്" എന്ന് നമ്മള്‍ മറ്റൊരാളുടെ കുറവായിട്ടാണ്  പറയുന്നത്. പിന്നെ പാവങ്ങളെ മുതലെടുക്കാന്‍ അനേകം പേരും, ഇയാള്‍ അതിലൊരാള്‍ മാത്രം. ഒരു മനുഷ്യ രാശിയുടെ മുഴുവന്‍ നമയ്ക്ക് വേണ്ടി നിറഞ്ഞ മനസ്സോടെ സ്വയം ക്രൂശിതനായ ഒരു മഹാന്റെ ഓര്‍മ്മ  ദിവസം- ദുഃഖ വെള്ളിയാഴ്ച- തന്നെ നമ്മള്‍ ഇങ്ങനെ  ചെയ്യണം. ഇത് ഞാന്‍ കണ്ട ഒരു ചെറിയ ഉദാഹരണം മാത്രം. അങ്ങനെ  ദിവസവും എത്രയെത്ര നിരപരാധികള്‍ അധിക്ഷേപിക്കപ്പെടുന്നു.എത്രപേരുടെ  ജീവിതം മറ്റു ചിലരാല്‍ ചവിട്ടി അരക്കപ്പെടുന്നു. ഈ സാധാരണക്കാരനും സമൂഹത്തിലെ ഉയര്‍ന്നവരും തമ്മിലുള്ള വ്യത്യാസം അവസാനിക്കുന്നിടത്ത്  വച്ചേ നമ്മുടെ ഈ നാട് നന്നാവാന്‍ തുടങ്ങൂ. 
                    ഇനി ആ കുടുംബത്തിന് ആവശ്യത്തിനുള്ള പണം കയ്യിലുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ആ പെണ്‍കുട്ടി ഇന്നത്തെ പരീക്ഷ എങ്ങനെ എഴുതി എന്നും എനിക്കറിയില്ല. പക്ഷെ ഇതൊക്കെ കണ്ട് മുകളിലോരാള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെല്ലാ നന്മകളും ഉണ്ടാവും തീര്‍ച്ച....

വാല്‍ക്കഷ്ണം: ഇപ്പൊ ട്രെയിന്‍ ഷോര്‍ണൂര്‍ അടുക്കുന്നു, ഒരു വെളുത്ത ഫൈബര്‍ വടിയും പിടിച്ച് കണ്ണുകാണാത്ത ഒരാള്‍ സഹായം ചോദിച്ചു വരുന്നു, അദ്ദേഹം ഞങ്ങളെ കടന്നു മുന്‍പോട്ടു പോയി. പെട്ടെന്നാരോ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. ഞങ്ങളുടെ സീറ്റിനെതിരായി ഇരിക്കുന്ന  കമ്പിളി വസ്ത്രങ്ങള്‍ വീടുതോറും വില്‍ക്കുന്ന ഒരു ബീഹാറി ആണ് വിളിച്ചത്. തന്റെ അധ്വാനത്തില്‍ നിന്നും ഒരു നാണയം അയാള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ചു. നമ്മുടെ ഫൈന്‍ അടച്ച  ചേട്ടനും തന്റെ പേര്‍സില്‍ നിന്നും കുറച്ചു പണം എടുത്ത് അദ്ദേഹത്തിന് നല്‍കി.... ഇല്ല നന്മ മരിച്ചിട്ടില്ല, ഈ നല്ല  മനസ്സുകളുടെ പ്രകാശം മറ്റുള്ളവര്‍ക്കൊക്കെ വെളിച്ചം പകരട്ടെ. 
blog comments powered by Disqus