ഒരു വീടാവുമ്പോ അല്ലറ ചില്ലറ പ്രശ്നങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടായെന്നിരിക്കും അല്ലേ, സാധാരണ തറവാടുകളിലും മറ്റും ഭാഗം വെയ്പ്പ് - സ്ഥലങ്ങളും മറ്റു സ്ഥാവര ജന്ഗമ വസ്തുക്കളും മക്കള്‍ക്കോ മരുമക്കള്‍ക്കോ മറ്റവകാശികള്‍ക്കോ വീതിച്ചു കൊടുക്കുന്ന സെറ്റപ്പ് - നടക്കുമ്പോ ചേട്ടനും, അനിയനും, അമ്മാവനും എന്ന് വേണ്ടാ എല്ലാവരും തമ്മില്‍ അന്യോന്യം ചെറിയ കശപിശ ഒക്കെ ഉണ്ടാകുന്നത് സര്‍വസാധാരണമല്ലേ, സത്യത്തില്‍ അത്രയല്ലേ ഉണ്ടായിരുന്നുള്ളൂ ഈ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം? ചേട്ടന്മാരേ ആരും ഇമോഷണല്‍ ആകരുതേ, ഞാന്‍ ആരെയും ന്യായീകരിക്കാന്‍ ശ്രമിക്കുകയോന്നും അല്ലേ! ഞാനീ പറഞ്ഞത് ഒരു പത്തെഴുപത് വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ കാര്യം...അന്നൊരു സൂചി കൊണ്ടെടുക്കാമായിരുന്ന കാര്യം മറ്റു പല തല്‍പ്പര കക്ഷികളും നേരിട്ടും അല്ലാതെയും കേറി ഇടപെട്ടു ഇന്നിപ്പോ തൂമ്പാ കൊണ്ടെന്നല്ല ഒരു ജേ സീ ബീ വിചാരിച്ചാല്‍ പോലും കഴിയാത്ത കാര്യമായി മാറിയിരിക്കുന്നു...പിന്നെയും നിങ്ങള്‍ ചോദിച്ചേക്കാം "അവന്റെ ഒരു സൂചി! അതുംകൊണ്ട് എന്നാ ചെയ്യാരുന്നെന്നാടാ ഇവനീ പറയുന്നതെന്നൊക്കെ" സത്യം പറയാല്ലോ ഒരു ബ്ലോഗ് അല്ലേ, ചുമ്മാ ആളെ ആകര്‍ഷിക്കാന്‍ ഒരു സെന്റന്‍സ് കിടക്കട്ടേന്നു കരുതിയെന്നെ ഒള്ള് കേട്ടാ, അതൊക്കെ ആലോചിച്ചു തല പുകക്കാന്‍ നമുക്കൊരുപാടു ബുദ്ധി ജീവികളും നയതന്ത്ര വിദഗ്ദ്ധരും ഒക്കെ ഉണ്ടല്ലോ, അവരെന്നാന്നു വെച്ചാ ചെയ്യട്ടെ.
പാകിസ്താനും ഇന്ത്യയും ഒരേ ഓഗസ്റ്റ് 14 നു രാത്രി 12 മനിക്കുണ്ടായതാണെങ്കിലും റെക്കോര്‍ഡ് പ്രകാരം പാകിസ്ഥാനാണ് പൊടിക്കു മൂത്തത് , പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 14 ആണ്, നമ്മുടെ പിന്നെ എല്ലാവര്ക്കും അറിയാമെന്നു വിചാരിക്കുന്നു.. ചുരുക്കിപ്പറഞ്ഞാല്‍ പാകിസ്ഥാനാണ് ചേട്ടന്‍, അതായത് നമ്മള്‍ കൂതറ ആണെങ്കില്‍ അവര്‍ കുക്കൂതറ ആണ്, നമ്മള്‍ കുരുട്ടു ബുദ്ധിക്കാരാണെങ്കില്‍ അവര്‍ കുക്കുക്കുരുട്ടുബുദ്ധിക്കാരാണ്, കൈക്കൂലിയിലാണെങ്കിലോ നമ്മളോട് മത്സരിക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു രാജ്യം. ഇന്നിപ്പോ ഞാന്‍ ഈ പഴംഭാണ്ഡം അഴിക്കാനുണ്ടായ കാരണം എന്താണെന്നോ? രാവിലെ പത്രം വായിച്ചപ്പോ കണ്ട ഒരു വാര്‍ത്ത, ഇന്ത്യയുടെ പ്രശസ്തി വാനോളം ഉയര്‍ത്തിയ ഒരു മഹതിയെ "ചേട്ടന്‍ രാജ്യത്തെ" മറ്റൊരു പ്രശസ്തനായ ചേട്ടന്‍ മംഗലം കഴിക്കാന്‍ പോണൂത്രേ, പാക് ടെലിവിഷന്‍ ജിയോ ടീവി ആണാദ്യം ഈ റിപ്പോര്‍ട്ടുമായി വന്നത്, "ഏയ് സാനിയ ഷോഹൈബ് മാലികിനെ ഒന്നും കല്യാണം കഴിക്കില്ല അതൊക്കെ അവന്മാരുടെ വെറും പുളു" എന്ന രീതിയിലാണ് നമ്മുടെ എല്ലാ പത്രക്കാരും റിപ്പോര്‍ട്ട് ചെയ്തിരികുന്നത്. അങ്ങുമിങ്ങും തൊടാതെയുള്ള ഒരു റിപ്പോര്‍ട്ട്. പക്ഷെ ഇന്ന് വൈകുന്നേരമായപ്പോഴേക്കും സംഗതി മാറിയില്ലേ " നിങ്ങള് കേട്ടത് ശെരിയാ, ഞാന്‍ സാനിയയെ തന്നെ കല്യാണം കഴിക്കാന്‍ പോവാന്നു" മാലിക് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്രേ. പിന്നീടു വൈകുന്നേരം സാനിയയുടെ മുന്‍ വരന്‍ സോഹ്രാബ് മിര്‍സയുടെ ഫാതെര്‍ജി പത്രസമ്മേളനത്തില്‍ സാനിയയേയും പിതാശ്രീയെയും വിളിച്ചു നന്മകള്‍ നേര്‍ന്നതായി അറിയിച്ചു. പിന്നെ എന്റെ മോനെ സാനിയ കെട്ടിയില്ലെങ്കിലും ഞങ്ങള്‍ ഇപ്പോഴും കുടുംബ സുഹൃത്തുക്കളും പാര്‍ട്ണര്‍മാരും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഒന്നു നോക്കിയാല്‍ രണ്ടുപേരും പേരുദോഷം ഒരുപാട് കേള്‍പ്പിച്ചവര്‍, മാലിക്കാണെങ്കില്‍ പണ്ട് വേറൊരു ഹൈദെരാബാദുകാരിയെ വെബ്‌കാമിലൂടെ കല്യാണം കഴിച്ചെന്നു പറഞ്ഞു ആ പെണ്‍കുട്ടി മാധ്യമങ്ങളിലൊക്കെ വന്നിരുന്നു, ,സാനിയ ആണെങ്കിലോ ജാതി, മതം, വേഷം എന്നുവേണ്ട അവസാനം കല്യാണനിശ്ചയം കഴിഞ്ഞു ചെക്കനെ വേണ്ടാന്നു വെച്ചതുവരെ ചെന്നുകേറിയ മിക്കവാറും എല്ലായിടത്തും വിവാദങ്ങളുടെ റാലി സംഘടിപ്പിച്ചവള്‍. ഇതൊക്കെ നിസ്സാരം എന്ന് വെച്ചാലോ ഇന്ത്യ കണ്ട ഏറ്റവും നല്ല രണ്ടു ടെന്നീസ് കളിക്കാരായ ലിയാന്ടെര്‍ പേസും മഹെഷ് ഭൂപതിയും ഈ പീറപ്പെണ്ണിനെ മിക്സഡ് ഡബിള്‍സില്‍ കൂടെ കളിപ്പിക്കാന്‍ വേണ്ടി തമ്മിത്തല്ലുവരെ ഉണ്ടാക്കി. ദൈവമേ ആ പാവങ്ങളുടെ ഒരു കാര്യമേ. ഹോക്കിയും, ക്രിക്കറ്റും പിന്നെ കബടീം മാത്രം പോപ്പുലര്‍ ആയിരുന്ന നമ്മുടെ രാജ്യത്ത്, ടെന്നീസ് എന്ന് പറഞ്ഞാല്‍ ഒരു മഞ്ഞബോളുകൊണ്ട് കളിക്കുന്ന എന്തോ ഒരു കുന്ത്രാണ്ടം എന്ന ചിന്താഗതി ആയിരുന്നല്ലോ, പലരും ടെന്നീസ് ബോളുകൊണ്ട് ക്രിക്കറ്റ് മാത്രം കളിച്ചു. പക്ഷെ സാനിയ കളി തുടങ്ങിയതില്‍ പിന്നെ സംഗതി മാറിയില്ലേ, ലവ്, ഫിഫ്ടീന്‍, തെര്‍ടീ, ഫോര്‍ടി,ഡ്യുസ്,ആഡ്വാന്‍ടേജ് എന്ന് വേണ്ടാ സെറ്റ് ,ഫോള്‍ട്ട് , സെക്കന്റ് സെര്‍വ് തുടങ്ങി ടെന്നിസിലെ എല്ലാ റൂളുകളും കാഴ്ചയുള്ള ഏകദേശം എല്ലാ ഇന്ത്യാക്കാരും പഠിച്ചു...പണ്ട് എല്ലാവരും ഒളിച്ചും പാത്തും കണ്ടിരുന്ന വിമന്‍സ് ടെന്നീസ് മാച്ചുകളൊക്കെ സ്വീകരണമുറി കയ്യാളാന്‍ തുടങ്ങി. "അമ്മേ, ഇന്ന് സാനിയേടെ കളിയുണ്ട്, അത് കണ്ടിട്ട് കഴിക്കാം, സീരിയല് കാണാം അല്ലെങ്കില്‍ പഠിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു.. മലബാര്‍ ഗോള്‍ഡിന് വേണ്ടി മലയാളത്തില്‍
ഒരു പരസ്യത്തിലവര്‍ അഫിനയിക്കുകയും ചെയ്തു. ആ സാനിയയല്ലേ ഇന്നൊരു പാകിസ്ഥാന്കാരന്റെ കൂടെ പോകാന്‍ പോവുന്നത്, ചോറിവിടെ - കൂറവിടെന്നൊക്കെ പണ്ടുള്ളവര് പറയുന്നതിതിനായിരിക്കും അല്ലേ.
ഒരു പരസ്യത്തിലവര്‍ അഫിനയിക്കുകയും ചെയ്തു. ആ സാനിയയല്ലേ ഇന്നൊരു പാകിസ്ഥാന്കാരന്റെ കൂടെ പോകാന്‍ പോവുന്നത്, ചോറിവിടെ - കൂറവിടെന്നൊക്കെ പണ്ടുള്ളവര് പറയുന്നതിതിനായിരിക്കും അല്ലേ.
ഒരു കാലത്ത് റാങ്കിങ്ങില്‍ 32 ഒക്കെ വന്നിരുന്നല്ലോ സാനിയ, പിന്നെ യു എസ് ഒപണില്‍ കാണികളുടെ തിരക്ക് കാരണം സാനിയ കളിക്കുന്നത് സെന്‍റെര്‍ സ്റ്റേജില്‍ ആയിരുന്നു... ഫെഡറര്‍ ഒക്കെ കളിക്കുന്ന ഗ്രൗണ്ടില്‍ തന്നെ ദൈവമേ!ഈ ഡവലപ്മെന്റ്സ് ഒക്കെ കണ്ടിട്ട് എനിക്കൊരുപാട് സംശയങ്ങള്‍....കല്യാണത്തിന് ശേഷം സാനിയ പാകിസ്ഥാന് വേണ്ടി കളിക്കുമോ? അതോ മാലിക് ഇന്ത്യക്ക് വേണ്ടി കളിക്കുമോ? അതോ ഇനി പ്രശ്നം ഒഴിവാക്കാന്‍ രണ്ടു പേരും യു എ ഇ ക്ക് വേണ്ടി കളിക്കുമോ? എന്തായാലും സാനിയ ഇന്ത്യക്ക് വേണ്ടി തന്നെ താന്‍ ഇനിയും കളിക്കുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്, എങ്കിലും ഏപ്രിലില്‍ കല്യാണം കഴിഞ്ഞു ദുഫായില്‍ ആയിരിക്കുമത്രേ രണ്ടു പേരും താമസിക്കുക. സാനിയയെ ഇനിയും ടെന്നീസ് കോര്‍ട്ടില്‍ കാണാന്‍ കഴിയുമോ , അതോ ശോഹൈബിനു നല്ല ആട്ട പൊറാട്ടയും, ഹൈദെരാബാദി ബിരിയാണിയും ഒക്കെ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു നല്ല ഭാര്യയായി അവര്‍ ജീവിക്കുമോ? പിന്നെ സാനിയ കെട്ടില്ലാന്നു പറഞ്ഞ സോഹ്രാബ് ഇനിയെന്ത് ചെയ്യും? നമ്മുടെ മലയാളം പടങ്ങളിലെ അബ്ബാസിനെ പോലെ കല്യാണത്തിന് വധുവിനെ വരന്റെ കൈ പിടിച്ചു കൊടുക്കുമോ അതോ ഈ ദുഃഖത്തില്‍ ആന്ധ്രാ കടാപ്പുറങ്ങളിലൂടെ "സാനിയേ സാനിയേന്നു" തെലുങ്കില്‍ മധു സാറിനെപ്പോലെ പാടിപ്പാടി നടക്കുമോ? അതോന്നുമല്ലാതെ ഇനി സായികുമാറിനെപ്പോലെ മുന്‍കാമുകിയുടെ കുടുംബം കലക്കുന്ന വില്ലനായി അവതരിക്കുമോ? ഈ സംശയങ്ങളുടെ ഉത്തരങ്ങള്‍ ഇനി കാലം തെളിയിക്കട്ടെ.
പക്ഷെ എന്നെ കുഴക്കുന്ന ഉത്തരം കിട്ടാത്ത ഏറ്റവും വലിയ ചോദ്യം അതൊന്നുമല്ല, ഈ സാനിയ ടെന്നീസ് കളിക്കുന്ന ഒറ്റക്കാരണം കൊണ്ട് സ്വന്തമായി പത്തും രണ്ടായിരോം ഒക്കെ കൊടുത്തു ടെന്നീസ്ബാറ്റും മേടിച്ചു ക്രിക്കറ്റ് ഗ്രൌണ്ടിലും, ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലും, സ്‌കേറ്റിംഗ്റിങ്കിലും ഒക്കെ സിക്സുകളും,ഫോറുകളും,ഗോളുകളും മറ്റും നേടിക്കൊണ്ടിരിക്കുന്ന പത്തിനും അറുപതിനും ഇടയ്ക്ക് പ്രായമുള്ള പലരും ഇനി എന്ത് ചെയ്യും എന്നുള്ളതാണ്.




