
നമ്മള്‍ മലയാളികള്‍ വളരെക്കാലമായി കാത്തിരുന്ന സ്മാര്‍ട്ട് സിറ്റി വന്നില്ലെങ്കിലെന്താ, പിന്നെ മണിക്കൂറിനു കോടികള്‍ കൊടുത്തു കുഴിച്ചു നോക്കീട്ടും കൊച്ചി കടാപ്പുറത്ത് നിന്നും പെട്രോള് പോയിട്ട് അങ്ങോട്ടും ഇങ്ങോട്ടും തേരാ പാരാ പോകുന്ന കപ്പലീന്നു ചോരുന്ന എണ്ണപ്പാട പോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ, ഇനി കോട്ടയം റയില്‍ പാത ഇരട്ടിപ്പിച്ചാലെന്നാ ഇല്ലെങ്കിലെന്നാ, ദേശിയ പാതയും, എം സീ റോഡും വീതി കുട്ടിയില്ലെങ്കിലും ഇനിയിപ്പോ കൂട്ടിയാലും ഒന്നും നമ്മള്‍ കേരളീയരിനി പഴയ പരദൂഷണവും പറഞ്ഞു നടക്കണ്ടാ....ഈ പറയുന്ന വലതു പക്ഷോം, ഇടതു പക്ഷോം ഒരുപാട് പ്രസംഗിച്ചു നടന്നിട്ടും സാധിക്കാന്‍ കഴിയാത്ത കാര്യമല്യോ നമ്മടെ ചില ചേട്ടമ്മാര് നേടിയെടുതിരിക്കുന്നെ....ഇവിടെ റോഡില്ലെങ്കിലും, റേഷന്‍ കടയിലോട്ടുള്ള അരിയും പയറും മറിച്ചു വിറ്റിട്ടും....നമ്മുടെ ഈ തേങ്ങാപ്പൂള് പോലുള്ള കൊച്ചു സംസ്ഥാനത്തിനും ഒരു ഐ പീ എല്‍ ടീം കിട്ടിയില്ലിയോ...ഖാദി കുര്‍ത്തയും കസവ് പാന്റുമിട്ട് നമ്മുടെ സ്വന്തം ടീം കൊച്ചീ സ്ടടിയത്തില്‍ കളിക്കാനിറങ്ങുന്നതോര്‍തിട്ടു രോമാഞ്ചം വരുന്നു...താലപ്പൊലി ഏന്തിയ ഗജവീരന്മാരുടെയും നെറ്റിപ്പട്ടമണിഞ്ഞ മലയാളി മങ്കമാരുടെയും അകമ്പടിയോടെ നമ്മുടെ കൊച്ചു കേരളത്തിന് തിലകക്കുറിയായി ഒരു 20-20 ടീം. കേരളത്തിന് ടീം ഉണ്ടായ സ്ഥിതിക്ക് താന്‍ തന്നെ ആവുമല്ലോ ക്യാപ്റ്റന്‍ എന്നോര്താണോ എന്തോ നമ്മുടെ പത്രക്കാരുടെ മാത്രം സ്വന്തം "ശ്രീ" താന്‍ കേരള ഐ പീ എല്‍ ടീമില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടു വന്നത്...
ഇനി അടുത്ത ലേല സമയം ആകുമ്പോഴേക്കു മലയാളികളുമായി നിരന്തരം ഇടപഴകുന്ന ചില കളിക്കാരെ കണ്ടു പിടിക്കണം, മലയാളികളായ പാചകക്കാരും, വേലക്കാരികളും, ഡ്രൈവര്‍മാരും, ഉള്ള ആളുകളെ ലോക്കേട്ടു ചെയ്യുന്നതില്‍ ടീം സംഘാടകര്‍ക്ക് നമ്മുടെ ഒരു പ്രമുഖ പത്രത്തിന്റെ സഹായം തേടാവുന്നതാണ്.... "സോണിയാ ഗാന്ധീടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവിന്റെ ചെറിയച്ചന്റെ മൂത്ര, ക്ഷമിക്കണം മൂത്ത പുത്രന്റെ വധു ഭരണങ്ങാനത്തുകാരീന്നൊക്കെ എഴുതി ശീലമുള്ളവരാകുമ്പോ കാര്യങ്ങളൊക്കെ മണി മണീന്ന് നടക്കും. കരീബിയനും കരിമീനും സാമ്യമുണ്ടെന്ന് പറഞ്ഞു ബ്രയാന്‍ ലാറയൊക്കെ കേരളത്തിന് വേണ്ടി കളിച്ചെന്നും വരാം... സ്ഥലം കേരളമായതുകൊണ്ടും നമ്മള്‍ മലയാളികള്‍ നാലുപേരുടെ മുന്നില്‍ (മാത്രം ) ഭയങ്കര സദാചാര ബോധം ഉള്ളവരായത് കൊണ്ടും ചിയര്‍ ഗേള്‍സിനെ ഒഴിവാക്കി പകരം മലയാളി തരുണീ മണികളുടെ തിരുവാതിരക്കളി ആവും ഗ്രൗണ്ടില്‍ തയാറാക്കിയ പ്രത്യേക പ്ലാറ്റ്ഫോറത്തില്‍ നടത്തുക, കല മാസ്ടരോ, ബിന്ദ്യ മാസ്ടരോ നൃത്ത ചുവടുകള്‍ ചിട്ടപ്പെടുത്തും, പിന്നെ ടീമിന്റെ തീം മ്യൂസിക് സാഗര്‍ എല്യാസ് ജാക്കീടെ മ്യൂസിക് ഡയറക്ടര്‍ നിര്‍വര്‍ഹിച്ചു ജാസീ ഗിഫടിനെക്കൊണ്ട് പാടിക്കും, റാപ്പ്, റോക്ക്, ഫോക്ക് തുടങ്ങിയ എല്ലാ വിധ സാധനങ്ങളും സാമാന്ജസിപ്പിച്ചുള്ള ഒരു ശീര്‍ഷക ഗാനം ആയിരിക്കും അത്.
ഹോം മാച്ചുകള്‍ കാണാനുള്ള കാണികളുടെ താല്പര്യം മാനിച്ചു കുറച്ചു കളികള്‍ കൊച്ചിയിലും, കോഴിക്കൊടിലും, തിരുവനന്തപുരത്തും നടത്തും, പിന്നെ ആവശ്യമെങ്കില്‍ കട്ടപ്പന, പെഴക്കാപ്പള്ളി, കുട്ടനെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും പിച്ചുകള്‍ സജ്ജമാക്കും. വളരെ കെട്ടുറപ്പുള്ള ശാന്തമായ ഒരു കായികാന്തരീക്ഷം കളിക്കാര്‍ക്ക് സജ്ജമാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി ജാവേദ് മിയാന്‍ദാദിനെ പോലുള്ള ശാന്തരായ ആരെയെങ്കിലും കോച്ച് ആയി നിയമിക്കാനും, "ക്ഷമ 20-20 യില്‍" എന്ന വിഷയത്തില്‍ "അമ്മ" യുടെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്... കളിക്കാരുടെ പോരാട്ട വീര്യം വര്‍ധിപ്പിക്കുന്നതിലെക്കായി തിലകന്‍ ചേട്ടന്റെ മേല്‍നോട്ടത്തില്‍ സ്റ്റഡി ക്ലാസുകള്‍ കളിക്കാര്‍ക്കായി സംഘടിപ്പിക്കും. "വളരെക്കാലം സ്ക്രീനില്‍ അല്ല ക്രീസില്‍ പിടിച്ചു നില്‍ക്കുന്നതിനു വേണ്ടിയുള്ള പോടിക്കൈകളെ" കുറിച്ച് ആ രംഗത്തെ അതികായന്മാരായ രണ്ടു "യുവ" താരങ്ങള്‍ സെമിനാരെടുക്കും.... കളി ജയിക്കില്ലാ എന്നുറപ്പുള്ള അവസരങ്ങളില്‍ എതിര്‍ ടീമിനെ കൂവി തോല്‍പ്പിക്കുക, കല്ലെറിഞ്ഞോടിക്കുക മുതലായ ലക്ഷ്യങ്ങളോടെ "കേരളാ ഐ പീ എല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിക്കും. പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്ത തണ്ടും തടിയുമുള്ള യുവാക്കള്‍ക്ക് ഒരു ജീവിത മാര്‍ഗം തുറന്നു കൊടുക്കുക എന്ന ഒരു ലക്ഷ്യതിലൂന്നിയായും അസോസിയേഷന്‍ പ്രവര്‍ത്തിക്കുക...
എസ് എസ് എല്‍ സി തലത്തില്‍ 20-20 ക്രിക്കറ്റ് ഒരു പഠന വിഷയമാക്കാനും പദ്ധതികള്‍ ആവിഷക്കരിക്കുന്നുണ്ട്... മോഡെറേഷന്‍ നല്‍കിയിട്ടും ജയിക്കാത്ത കുട്ടികള്‍ക്കായി 20-20 മാതൃകയില്‍ ഒരു സൂപ്പര്‍ ഓവര്‍ നല്‍കാനും ഈ രംഗത്തെ നൂതന സങ്കേതമായ "മന്ഗൂസ്" ബാറ്റ് ഉപയോഗിച് അവര്‍ നേടുന്ന ഓരോ റണ്‍സും 4 മാര്‍ക്കായി പരിഗണിക്കുകയുമായിരിക്കും ഈ പദ്ധതിയുടെ ഏകദേശ മാതൃക.. ഇത്തരത്തില്‍ ജയിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ വഴി ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷ, പ്ലസ് ടു പ്രവേശന അപേക്ഷകള്‍ മുതലായ ഇനത്തില്‍ കാലിയായിക്കിടക്കുന്ന ഖജനാവിലേക്ക് ഒരു നല്ല തുക സംഭരിക്കുകയും, വളര്‍ന്നു വരുന്ന തലമുറയെ കായിക ക്ഷമത ഉള്ളവരായി വാര്‍ത്തെടുക്കുകയും ചെയ്യുക തുടങ്ങിയ ചില വിശാല ലക്ഷ്യങ്ങളും ഉണ്ട്.....ബ്രാന്‍ഡ് അംബാസിഡര്‍ ആവാന്‍ ലാലേട്ടനോ മമ്മുക്കയോ തയാറായാല്‍ സ്ത്രീ പക്ഷത്തു നിന്നും ലക്ഷ്മീ ഗോപാലസ്വാമി, ലക്ഷ്മീ ശര്‍മ, മീരാ വാസുദേവന്‍, അതുമില്ലെങ്കില്‍ ലക്ഷ്മീ റായ് എന്നിവരെയാണ് പരിഗണിക്കുന്നത്...ഇവരുടെ അസൌകര്യത്തില്‍ യുവ നായകന്‍ പ്രിത്വിരാജും മലയാളി നായിക പ്രിയാമണിയും ആണു പരിഗണനയിലുള്ളത്.
എന്തൊക്കെയായാലും നമുക്ക് അടുത്ത ഐ പീ എല്ലില്‍ വച്ച് കാണാം...